Showing posts with label poem. Show all posts
Showing posts with label poem. Show all posts

Thursday, August 12, 2010

പെരുവഴിയിൽ

പെരുവഴിയിൽ
പൊരിവെയിലിൽ
ചെറുചരലിൻ
കൂർമുനയിൽ
കാലിടറീ-
ട്ടടിപതറീ-
ട്ടുതിരത്തിൻ
വേർപ്പൊഴുകി-
ത്തുറുകണ്ണിൻ
തീ കെട്ടൂ.
*
വിറകാളും
ചിതയരികിൽ
പുകചുരുളും
നേരറിവിൽ
ചിരിയൊഴിയും
മുഖവടിവിൽ
നീൾമിഴി തൻ
തിരി കെട്ടൂ.

Saturday, July 24, 2010

ഊണു കഴിഞ്ഞ്

ഊണു കഴിഞ്ഞ് ഏമ്പക്കവും വിട്ട്
മകളോടു പറഞ്ഞു:
ഈ കൈയൊന്നു കഴുകിക്കൊണ്ടു വരൂ...
അവൾ എഴുന്നേറ്റു ചെന്നു വാഷ് ബേസിനിൽ സ്വന്തം കൈ നീട്ടി.

ഞാൻ സമാധാനത്തോടെ ഒന്നുകൂടി പുറകോട്ടു ചാഞ്ഞ്
മേശപ്പുറത്ത് ഇരു കൈകൊണ്ടും താളം പിടിച്ചു.

ചാരുകസേരയിലിരുന്നു കാൽനീട്ടി
മകനോടു പറഞ്ഞു:
എന്റെ ദൂരങ്ങൾ കൂടി താണ്ടി വരൂ...
അവൻ ഷൂ ലേസ് കെട്ടിത്തീർത്ത്
ചവിട്ടിക്കുതിച്ചു പടികളിറങ്ങി.

ഞാൻ കസേരയിൽ ഒന്നുകൂടി നിവർന്ന്
കിതപ്പിന്റെ സ്വാസ്ഥ്യം നുണഞ്ഞു.

ഇരുൾപ്പുതപ്പിൽ തിരുകിക്കയറി
നീണ്ടുനിവർന്ന്,
ഭാര്യയോടു പറഞ്ഞു:
എന്റെ സ്വപ്നങ്ങൾ കൂടി കണ്ടു വരൂ...
അവൾ താളബദ്ധമായി കൂർക്കം വലിച്ചു തുടങ്ങി.

ഞാൻ ഇരുട്ടിലേക്കു കണ്ണു തുറന്ന്
കാലൊച്ചകൾക്കയി കാതോർത്തു.

Thursday, July 15, 2010

നീളം, ചതുരം.

(പഴയൊരു വീഴ്ചയുടെ ഓർമയ്ക്ക്)

വെപ്രാളത്തിന്റെ ചതുരത്തിൽ നിന്ന്
വേഗത്തിന്റെ നീളത്തിലേക്ക്.

വാക്കുകളുടെ കലമ്പലിൽ നിന്ന്
ഒച്ചകളുടെ പ്രശാന്തിയിലേക്ക്.

ഇരമ്പിക്കുതിച്ച്,
ആളെക്കാണാത്ത നോട്ടം കൊണ്ടു
ദൂരങ്ങൾ താണ്ടുന്ന
പാണ്ടിലോറികൾ, ബസ്സുകൾ.

കുണുങ്ങാതെ കുണുങ്ങി
പുച്ഛച്ചിരിയുമായി
ശൃംഗാരിക്കാറുകൾ.

മുഖം കൂർപ്പിച്ച്
ആവലാതിപ്പേച്ചുമായി
ഓട്ടോറിക്ഷകൾ.

അരികുകളിൽ
വീണൊഴിയുന്ന
പാവം പിടിച്ച മണിയൊച്ചകൾ.

വെയിൽക്കൊടുമയിൽ വാടി
നിലാക്കുളിർമയിൽ മതിമറന്ന്
കുഴിക്കെണികളിൽ തലതല്ലി
ഒരു കൈനെറ്റിക് ഹോണ്ട:

വേഗത്തിന്റെ നീളത്തിൽ നിന്ന്
വെപ്രാളത്തിന്റെ ചതുരത്തിലേക്ക്.