Wednesday, January 13, 2010

ഒരു ഓര്‍മ


ചെറുണ്ണിയും കുടുംബവും ഞങ്ങളുടെ കൂടെ രണ്ടു ദിവസം താമസിക്കാനെത്തി. കുറേ കാലമായി പറയുന്നു.

വീട്ടിലെങ്ങും കുട്ടികളുടെ പുതുസൗഹൃദത്തിന്റെ ബഹളം. അടുക്കളയിൽ നിന്ന്‌ ചിരികൾ വറുത്തിടുന്ന ശബ്ദം. എന്റെ മുന്നിൽ പൊളിഞ്ഞ ചൂരൽക്കസാല നിറച്ചും ചെറുണ്ണി. മുഖത്ത്‌ മദ്ധ്യവയസ്സു കഴിഞ്ഞ അച്ഛന്റെ ഗൗരവം. എനിക്കു ചിരിയാണു വന്നത്‌. ഇവന്റെ മുഖത്ത്‌ എന്തിന്റെയോ കുറവുണ്ടല്ലോ. പെട്ടെന്നു തന്നെ എനിക്കു സംഗതി പിടികിട്ടി: പല്ലില്ലായ്മയുടെ കുറവാണ്‌.

പുഴുപ്പല്ലില്ലാത്ത ചെറുണ്ണി!

പടിഞ്ഞാറേപ്പുരയുടെ സിമന്റു പടിയിൽ, വള്ളിട്രൗസറിന്റെ വള്ളിയിൽ തിരുപ്പിടിച്ചു കൊണ്ട്‌ ഞാൻ എന്ന രണ്ടാം ക്ലാസുകാരൻ. അടുത്ത്‌ ഒന്നും പിടികിട്ടാതെ ചോക്ലേറ്റു ചിരിയും ഒലിപ്പിച്ചിരിക്കുന്ന പുഴുപ്പല്ലൻ. അവൻ ഒന്നാം ക്ലാസിലേക്കു കയറണോ എന്ന്‌ ആലോചിക്കുന്നതേയുള്ളൂ.

കുറച്ചു നാൾ അകലെയുള്ള അമ്മവീട്ടിൽ താമസിച്ച ശേഷം തിരിച്ചെത്തിയിരിക്കുകയാണ്‌ ചെറുണ്ണി. ഇവിടെ നടന്ന ബഹളങ്ങളൊന്നും അറിഞ്ഞ മട്ടില്ല.

"ഹരിയേട്ടാ, പറയൂ! എന്തൊക്കെയാണ്‌ ഉണ്ടായത്‌?"

"വേണ്ടെടാ! നമുക്ക്‌ ഒളിച്ചു കളിക്കാം," ഞാൻ ഒരു ശ്രമം നടത്തി.

പക്ഷേ, പഹയൻ വിടുന്ന മട്ടില്ല. "പറ്റില്ല! എനിക്കു കേൾക്കണം! അച്ഛനെ എന്തൊക്കെയാണു ചെയ്തത്‌?"

ഞാൻ ട്രൗസർള്ളി വിരലിൽ ചുറ്റിമുറുക്കി വലിച്ചുകൊണ്ട്‌ വെറുതെ മുന്നോട്ടു നോക്കിയിരുന്നു. നേരെ മുന്നിൽ, വാതിലിനും പൂമുഖത്തിനുമപ്പുറത്ത്‌ തളം കാണാം. നാലഞ്ചു ദിവസം മുമ്പ്‌, ഈ പുഴുപ്പല്ലന്റെ കൂട്ടില്ലാതെ ഞാൻ ഇവിടെത്തന്നെയാണ്‌ ഇരുന്നിരുന്നത്‌. മുറ്റം നിറച്ചും ആളായിരുന്നു. എല്ലാവരുടെയും അവഗണനയിൽ സ്വസ്ഥനായി ഇരുന്ന് ഞാൻ എല്ലാം നോക്കിക്കണ്ടു.

" വല്യച്ഛനെ ദാ, ആ തളത്തിലങ്ങനെ കിടത്തി. നിലവിളക്കൊക്കെ കത്തിച്ചു വച്ചു." ഞാൻ പറഞ്ഞു. "അച്ഛമ്മ അടുത്തിരുന്ന് തലയിൽ തലോടിക്കൊണ്ടിരുന്നു. ഓരോ തവണ തലോടുമ്പോഴും വല്യച്ഛന്റെ കോലൻ മുടി പിന്നെയും നിവർന്നു വരും. വല്യമ്മയും കുട്ട്യേടത്തിയുമൊക്കെ നിലവിളിയോടു നിലവിളി."

ഞാൻ തല തിരിച്ചു നോക്കി. എനിക്കു കുറേശ്ശേ ഗമയും തോന്നിത്തുടങ്ങിയിരുന്നു. ഇതൊന്നും ഈ പഹയനു കാണാൻ പറ്റിയില്ലല്ലോ. പുഴുപ്പല്ലൻ ഒന്നും മിണ്ടാതെ തളത്തിനു നേരെ നോക്കിക്കൊണ്ടിരിക്കുകയാണ്‌. ഇവനിങ്ങനെ അടങ്ങിയിരിക്കുന്ന പതിവില്ലല്ലോ.

"എത്ര ആളായിരുന്നു! പിന്നെ എല്ലാരും കൂടി മുള കൊണ്ട്‌ ഒരു ഏണിയുണ്ടാക്കി. വല്യച്ഛനെ അതിൽ എടുത്തു കിടത്തി. അപ്പോഴേക്കും മുഖമൊക്കെ മൂടിയിരുന്നു. ആരൊക്കെയോ കൂടി മുളയേണി പൊക്കിയെടുത്ത്‌ അങ്ങു കൊണ്ടു പോയി അത്ര തന്നെ!"

അന്നേരം എന്റെ ഉള്ളിൽ ചെറിയൊരു പേടിയും ഒരു തേങ്ങലും പൊന്തിയ കാര്യം ഞാൻ പറഞ്ഞില്ല. നാണക്കേടായാലോ?

ഞാൻ മുഖം അവന്റെ നേരെ തിരിച്ചു. കേട്ടതു തൃപ്തിയായോ?

പെട്ടെന്നു ഞാൻ ഞെട്ടിപ്പോയി. അവൻ ചുണ്ടു പിളുത്തി ഏങ്ങുകയാണ്‌. കണ്ണുകൾ നിറഞ്ഞൊഴുകുന്നു. അടുത്ത നിമിഷം ഏങ്ങൽ അലറിക്കരച്ചിലായി മാറി. ഈ പഹയൻ എന്നെ അടികൊള്ളിക്കുമോ, എന്ന് വിചാരിച്ചതേയുള്ളൂ, അതാ വരുന്നു അവന്റെ കയ്യിൽ നിന്നു തന്നെ ഇടി. നെഞ്ചത്തും മുതുകത്തും തലയിലും ഒക്കെ മുഷ്ടി ചുരുട്ടിയുള്ള ഇടി തന്നെ. എന്തോ അനങ്ങാതിരുന്നു കൊള്ളാനേ എനിക്കു കഴിഞ്ഞുള്ളൂ.

പെട്ടെന്ന് അവൻ എണീറ്റ്‌ എങ്ങോട്ടോ ഓടി മറഞ്ഞു. ഞാൻ തളത്തിനകത്തേക്കു കണ്ണും നട്ട്‌ വെറുതെയങ്ങനെയിരുന്നു.

ചൂരൽക്കസാലയിൽ നിറഞ്ഞിരുന്ന്, പുഴുപ്പല്ല് പലകപ്പല്ലിനു പിന്നിലൊളിപ്പിച്ച്‌, ചെറുണ്ണി എന്തോ പറഞ്ഞു ചിരിക്കുന്നുണ്ട്‌.

നിലത്തു വച്ച ലാപ്ടോപ്പിന്റെ മോണിറ്ററിൽ നിന്നു മുഖമുയർത്തി ചെറുണ്ണിയുടെ മകൻ പറയുന്നു: "അമ്മാമാ, ഈ പ്രണവ്‌ മിസ്ത്രിയുടെ സിക്സ്ത്‌ സെന്‍സ് കമ്പ്യൂട്ടര്‍ ഉഗ്രൻ!"

ഞാൻ അവന്റെ മിന്നുന്ന ചിരിയിൽ സൂക്ഷിച്ചു നോക്കി. ഇല്ല, പത്തായത്തിൽ നിന്നു ശർക്കരയച്ചു കട്ടു തിന്നു പുഴുപ്പല്ലു വരുത്തുന്ന ഇന്ദ്രജാലം ഇവനു പിടിയില്ല.











Tuesday, January 5, 2010

അന്യോന്യം

ത്ര വിശാലമീ മേശപ്പരപ്പിതി-
ന്നിക്കരെയാണു ഞാൻ, അക്കരെ നീ.

മിനുമിനുപ്പാർന്നൊരീ
കടൽ താണ്ടിയെത്തുവാൻ
തുഴയറ്റ പുഞ്ചിരിത്തോണികൾ; നിലയറ്റു
നീന്തിക്കുഴയുന്ന വാക്കുകൾ,
ജാള്യച്ചുഴികളിൽ മുങ്ങിപ്പിടയ്ക്കുന്ന
നോട്ടപ്പതർച്ചകൾ, വീർപ്പുകൾ,
മഷിമഴക്കോളുകൾ,
കടലാസുമർമരമാലകൾ...
പിന്നെ,യിരുകരയിലാ-
യസ്തംഗമിക്കുന്ന കണ്ണുകൾ.