Monday, December 28, 2009

ത്രിസന്ധ്യക്ക്‌ ഒരാൾ

ട്ടണപ്രാന്തത്തിലെ ഏതാണ്ടു നാടൻ മട്ടിലുള്ള ഒരു കവല. പച്ചക്കറിയും അത്യാവശ്യ ലൊട്ടുലൊടുക്കുകളും വിൽക്കുന്ന ഒരു ചെറിയ കട. സന്ധ്യ മങ്ങിക്കഴിഞ്ഞു. തൂങ്ങിക്കിടക്കുന്ന ഇലക്ട്രിക്‌ ബൾബിന്റെ വെളിച്ചം.

കുറച്ചു പേർ കടയിൽ പറ്റിക്കൂടി നിൽക്കുന്നുണ്ട്‌. അവർക്ക്‌ ഒന്നും ചെയ്യാനില്ല. എന്നാലും കടക്കാരൻ അവരുടെ സാന്നിധ്യം ഇഷ്ടപ്പെടുന്നുണ്ട്‌.

അത്‌ ഒരു പതിവു കൂട്ടായ്മയാണ്‌. എന്നാൽ ഇന്ന്‌ എല്ലാ മുഖത്തും ഒരു പിരിമുറുക്കമുണ്ട്‌.

ഈ കൂട്ടത്തിലേക്ക്‌ സഞ്ചിയും തൂക്കി ഒരു പന്ത്രണ്ടുകാരൻ.

അവനോടൊപ്പം തന്നെ മറ്റൊരാൾ കൂടി കടയുടെ ഇരമ്പിലേക്ക്‌ കയറിയെത്തി. സ്ഥലത്തെ പ്രധാന ഗുണ്ട. കണ്ടാൽ ആരും ഒന്നു പതുങ്ങിപ്പോകുന്ന രൂപഭാവാദികൾ.

കുട്ടി: "കാൽക്കെട്ടു പപ്പടം"

പ്ര. ഗുണ്ട: (കടക്കാരനു നേരെ ബീഡിക്കു കൈ നീട്ടിക്കൊണ്ട്‌ പരിഹാസപൂർവ്വം മുരടൻ ശബ്ദത്തിൽ)
"എന്തിനാടാ ചോർച്ചയടക്കാനാണോ? വെറുതെ മെനക്കെടുത്താൻ...!"

കുട്ടി ഒന്നു പേടിച്ചൊതുങ്ങി.

തന്റെ പ്രകടനത്തിന്‌ ഒരു കൂട്ടച്ചിരി പ്രതീക്ഷിച്ച ഗുണ്ട ചുറ്റും നോക്കി. പക്ഷേ, എല്ലാ മുഖത്തും ഒരു പിരിമുറുക്കം. ഗുണ്ട കടക്കാരനു നേരെ നോട്ടം തിരിച്ചു. കടക്കാരൻ എന്തോ കണ്ണു കാണിച്ചു.

അപ്പോഴാണ്‌ ഗുണ്ടയുടെ ശ്രദ്ധയിൽ അതു പെട്ടത്‌. ഒരു കാക്കി നിറം. ആ ഇത്തിരി വട്ടം വെളിച്ചത്തിന്റെ അതിരിൽ ഒരു പോലിസുകാരൻ. റോഡിന്റെ മറുവശത്ത്‌ ഒരു പോലിസ്ജീപ്പും നിർത്തിയിട്ടിട്ടുണ്ട്‌. അതിൽ ക്ഷമയോടെ കാത്തിരിക്കുന്ന പോലിസ്‌ ഡ്രൈവർ.

പക്ഷേ, എല്ലാവരുടെയും ശ്രദ്ധ മറ്റൊരിടത്തായിരുന്നു. കടയോടു ചേർന്ന ഇരുട്ടിൽ ഒരു ബീഡിത്തിളക്കം. കറുത്തു മലിഞ്ഞ ഒരു കൈ കടക്കാരനു നേരെ നീണ്ടു വന്നു.

"ചേട്ടാ, ഒരു സോഡ കൂടി..."

കൈയാമത്തിന്റെ കിലുക്കം. എല്ലാവരും ഒന്നു നടുങ്ങിയതു പോലെ.

അതൊരു തടവുകാരനാണ്‌. ഒരു മെലിഞ്ഞ രൂപം. പക്ഷേ, ആ നിൽപിലും നോട്ടത്തിലും ഒരു ബലമുണ്ട്‌. ഏതോ ഗുഹയിൽ നിന്നും കാറ്റു കൊള്ളിക്കാൻ കൊണ്ടു വന്ന ഒരു കാട്ടുമൃഗം.

താൻ ഇവിടെയൊന്നുമല്ല എന്ന മട്ടിൽ എവിടെയോ നോക്കി നിൽപാണ്‌ പോലിസുകാരൻ.

തടവുകാരന്റെ നോട്ടം ഗുണ്ടയുടെ മുഖത്തൊന്നു പാറി വീണു. ആ നോട്ടത്തിൽ എല്ലാറ്റിനോടുമുള്ള വിലയില്ലായ്മയും പുച്ഛവുമാണ്‌. ഗുണ്ടയെ കണ്ടപ്പോഴേ അയാൾക്ക്‌ ഇനം മനസ്സിലായി. പക്ഷേ, അയാളുടെ നിലവാരം വേറെയാണ്‌. അതിന്റെ പുച്ഛം നോട്ടത്തിലുണ്ട്‌.

ഗുണ്ടയ്ക്ക്‌ ഒരു പതർച്ചയുണ്ട്‌. എന്നാലും ഒന്നിടപെട്ടാലേ അയാളുടെ ഹുങ്കിന്‌ പിടിച്ചു നിൽക്കാൻ പറ്റൂ.

ഗുണ്ട: (ഒരു സഹജീവിയോടെന്ന വണ്ണം സമഭാവത്തിൽ):

"എന്താ മോനേ, കേസുകെട്ട്‌?"

പെട്ടെന്ന്, തടവുകാരന്റെ നോട്ടം ഗുണ്ടയുടെ മുഖത്തു തറഞ്ഞു കയറുന്നു. അയാൾ ഇത്തരം എന്തെങ്കിലുമൊന്ന് ഉണ്ടാവാൻ കാത്തിരിക്കുകയായിരുന്നു.

തടവുകാരൻ: (താഴ്‌ന്ന ശബ്ദത്തിൽ, എന്നാൽ അതൊരു സ്വകാര്യം പറച്ചിലല്ല. ഒരു തരം അമർത്തിയ മുരളൽ)

"എന്താ ചേട്ടാ, അറിഞ്ഞേ പറ്റുള്ളോ? ... പറഞ്ഞാൽ മതിയോ, അതോ കാണിച്ചു തരണോ?"

ഗുണ്ടയുടെ നോട്ടം പതറുന്നു. എന്തോ വാക്കു വിഴുങ്ങിയതു തൊണ്ടയിൽ കുരുങ്ങിയതു പോലെ അയാളുടെ കണ്ണുകൾ മിഴിഞ്ഞു.

തടവുപുള്ളി ഇത്‌ ആസ്വദിക്കാൻ തുടങ്ങിക്കഴിഞ്ഞു. ഒപ്പമുള്ള പോലിസുകാരൻ ഈ ലോകത്തൊന്നുമല്ല എന്ന മട്ടിൽ ഒന്നും ശ്രദ്ധിക്കാതെ നിൽപാണ്‌.

തടവുകാരൻ: (ചുണ്ടിലെ ബീഡിത്തുണ്ടു നീറിത്തെളിയുന്നുണ്ട്‌)

"നിർബന്ധമാണെങ്കിൽ പറഞ്ഞേ ചേട്ടാ... വേണമെങ്കിൽ എന്റെ കൂടെയങ്ങ്‌ അകത്തോട്ടു പോരെ. അപ്പോ ശരിക്കും കാണിച്ചു തരാൻ പറ്റും. ദേ, ഞാനിപ്പോ ഒന്ന് ഒച്ച വച്ചാൽ മതി. ഈ സാറന്മാരു വേണ്ടതു ചെയ്തോളും."

ഗുണ്ടയുടെ മുഖത്തു വിയർപ്പു പൊടിഞ്ഞു തുടങ്ങിയിരിക്കുന്നു. നോട്ടത്തിൽ പേടി നിറഞ്ഞിട്ടുണ്ട്‌. വിഴുങ്ങാനാവാത്തതെന്തോ വായിലാക്കിയതിന്റെ അബദ്ധ ഭാവം.

കടയിലെ മറ്റുള്ളവർ സ്തബ്ധരായി നിൽപാണ്‌. കുട്ടി തടവുകാരനെയും ഗുണ്ടയെയും മാറി മാറി നോക്കുന്നു. തടവുകാരന്റെ മുന കൂർത്ത നോട്ടത്തിന്‌ അനക്കമില്ല. ഗുണ്ടയുടെ നോട്ടം പതറുന്നുണ്ട്‌.

കുട്ടിയുടെ മുഖത്ത്‌ ഒരു തരം ഭയം കലർന്ന കൗതുകമാണ്‌. ഗുണ്ടയുടെ പരിഭ്രാന്തി അവൻ ആസ്വദിക്കുന്നുണ്ട്‌.

പെട്ടെന്ന് ഗുണ്ടയുടെ നോട്ടം താഴ്‌ന്നു. പഞ്ചപിടിത്തത്തിൽ പരാജിതന്റെ കൈ താഴുന്നതു പോലെ.

ഗുണ്ട: "എന്നെ വിട്ടേക്ക്‌ ചേട്ടാ... അറിയാതെ ചോദിച്ചതാണേ..."

കടയിലെ പിരിമുറുക്കം ഒന്നയഞ്ഞതു പോലെ.

തടവുകാരൻ ഒന്നും സംഭവിക്കാത്തതു പോലെ ബീഡി ആഞ്ഞു വലിച്ച്‌ ഇരുട്ടിലേക്കു പിൻ വാങ്ങി.

അപ്പോൾ, ഗുണ്ടയുടേ നോട്ടം കുട്ടിയുടെ നോട്ടവുമായി ഇടയുന്നു. അവന്റെ കൗതുകത്തിൽ അയാൾ വായിക്കുന്നത്‌ പരിഹാസമാണ്‌.

ഗുണ്ട: "ഛീ, ഓടെടാ!"

കുട്ടി അഞ്ചാറടി മാറി ഒന്നു തിരിഞ്ഞു നോക്കുന്നു. ഇരുട്ടിൽ ഒരു ബീഡിത്തുമ്പു തിളങ്ങുന്നു.

Wednesday, December 23, 2009

മൃഗയ

ധികം അകലെയല്ലാതെ ഒരു നീർച്ചാലിന്റെ ശബ്ദം കേട്ടു തുടങ്ങിയിരിക്കുന്നു. മന്ത്രി പറഞ്ഞ അരുവി തന്നെയാവണം.

അതിനു സമീപം ഒരു ഗ്രാമമുണ്ടത്രെ.

കാട്ടിലേക്കുള്ള യാത്രയിലെ അവസാനത്തെ ജനസാന്നിദ്ധ്യമാണത്‌.

അകമ്പടിക്കാരും കുതിരകളും തളർന്നു തുടങ്ങിയിരിക്കണം. കുതിരക്കുളമ്പടികളുടെ താളം മന്ദഗതിയിലായിരിക്കുന്നു. പരുക്കൻ കല്ലുകൾ ധാർഷ്ട്യത്തോടെ ചിതറിക്കിടക്കുന്ന പാത. കാട്ടുപുല്ലുകളുടെ വളർച്ച ഇടക്കിടെ കടന്നാക്രമണം നടത്തിയിരിക്കുന്നു.

ഓതുക്കമില്ലാത്ത ഈ പാതയുടെ മറ്റൊരറ്റത്ത്‌ സജീവവും വർണ്ണശബളവുമായ ഒരു നഗരമുണ്ട്‌ എന്നോർത്തപ്പോൾ എനിക്ക്‌ അദ്ഭുതം തോന്നി.

എണ്ണമറ്റ ഉപജാപങ്ങൾ ഇണചേരുകയും പെറ്റുപെരുകുകയും ചെയ്യുന്ന നീണ്ട ഈടനാഴികൾ. രഹസ്യമന്ത്രണങ്ങൾക്കായി കാതോർക്കുന്ന തൂണുകൾ. പിറുപിറുക്കലു പതിയിരിക്കുന്ന അകത്തളങ്ങൾ... രാജകൊട്ടാരം, വലിഞ്ഞു മുറുകി നിൽക്കുന്ന ഞാൺ പോലെയാണ്‌.

ഓരോ നിമിഷവും ജാഗ്രത്തായിരിക്കണം. ഓരോ പ്രശ്നവും ഉയരുമ്പോൾ ധിഷണയുടെ കൂർപ്പ്‌ അതിനെ കീറിമുറിച്ചു പരിശോധിക്കുന്നു: പരിഹാരം ഒരു വാൾത്തിളക്കം പോലെ ലളിതമാവാം. അല്ലെങ്കിൽ, ഒരു പുഞ്ചിരി പോലെ സങ്കീർണ്ണം. വിഭ്രാമകമായ ചാഞ്ചാട്ടങ്ങൾക്ക്‌ കൊട്ടാരത്തിൽ സ്ഥാനമില്ല.

സുഖലോലുപതയ്ക്കു പോലുമുണ്ട്‌ രാഷ്ട്രീയമാനങ്ങൾ.

സായാഹ്നങ്ങളിലുള്ള മധുപാനത്തിന്റെ കാര്യം നോക്കൂ. നൂറു കണക്കിനു യോജനകൾക്കപ്പുറം, കാമപുരത്തു നിന്നാണ്‌ വിശിഷ്ട്മായ ആ മദ്യത്തിന്റെ വരവ്‌. സ്വർമതി എന്ന വിശേഷപ്പെട്ട ധാന്യം പകരം കൊടുത്തിട്ടാണ്‌ അതു സംഭരിക്കുന്നത്‌. ഈ ആവശ്യത്തിനു മാത്രമായി സ്വർമതി കൃഷി ചെയ്യാൻ വിശാലമായ ഒരു പാടം തന്നെയുണ്ട്‌.

അന്ത:പുരത്തിലെ പൂത്തുലയുന്ന സന്ധ്യകളിൽ, ഓരോ ഇറക്കു മദ്യം നുണയുമ്പോഴും, ആ പാടശേഖരത്തിലെ അടിമകളുടെ കലാപവും, കാമപുരത്തേക്കുള്ള കൊള്ളക്കാരുടെ ശല്യവും, രാജ്യാന്തര വിപണികളുടെ അസംബന്ധസങ്കീർണ്ണതകളുമെല്ലാം എന്നെ വേട്ടയാടാൻ തുടങ്ങും.

അപ്പോഴേക്കും പത്നിമാർ, മസ്തിഷ്കത്തിന്റെ പിടിയിൽ നിന്ന്‌ ശരീരത്തെ മോചിപ്പിക്കാൻ ശ്രമം തുടങ്ങും. വികാരം കൊണ്ടു കൂമ്പിയ മിഴികൾ. ഉത്തേജകങ്ങളായ സീൽക്കാരങ്ങൾ. വിദ്യുത്പാതം പോലുള്ള മാംസളസ്പർശങ്ങൾ.

പക്ഷേ, രാജാവിനെവിടെ മോചനം?

ചുറ്റുമുള്ള പത്നിമാരിൽ ഓരോരുത്തരും ഓരോരോ യുദ്ധവിജയത്തിന്റെയും നയതന്ത്രകുശലതയുടെയും ഓർമക്കുറിപ്പുകളാണ്‌. ചഞ്ചലമായ ഓരോ നോട്ടവും, പ്രേമോദാരമായ ഓരോ മൊഴിയും, ജയാപജയങ്ങളുടെയും ഉടമ്പടികളുടെയും ഓർമകളാണ്‌ ഉയർത്തുക. വികസിക്കാൻ വെമ്പുന്ന അതിർത്തികൾ, ഗൂഢതന്ത്രങ്ങളുടെ അനന്തസാദ്ധ്യതകൾ... ചിന്തകൾ ജാഗ്രത്താവുകയായി.

ഒരു നിമിഷം പോലും അയവു കിട്ടാത്ത പിരിമുറുക്കം. ഒടുവിൽ, ഒരു പരിധി കഴിഞ്ഞാൽ, മസ്തിഷ്കത്തിന്റെ യാന്ത്രികവൃത്തികൾക്കു പതറിച്ചകൾ വന്നു തുടങ്ങും. ഇതു മുൻ കൂട്ടിക്കണ്ടാണ്‌ പൂർവികർ മൃഗയാവിനോദങ്ങൾ പതിവാക്കിയത്‌. പിരിമുറുക്കത്തിന്റെ പരിധി വിട്ടാൽ രാജാവിനു മാത്രമല്ല, രാജഭരണത്തിനു തന്നെയും അപകടമാണെന്ന്‌ സർവ്വജ്ഞരായ അവർക്കറിയാമായിരുന്നു.

നിരന്തരമായ ജാഗ്രദവസ്ഥ എന്നെ തളർത്തിത്തുടങ്ങി എന്നറിഞ്ഞതു രണ്ടു ദിവസം മുമ്പാണ്‌: മല്ലീശ്വരത്തു നിന്നുള്ള ചാരനെ പിടികൂടിയ ദിവസം.

മരണഭയത്താൽ പരവശമായ മുഖവുമായി ചാരന്‍ എന്റെ സവിധത്തിൽ വാടിയൊതുങ്ങി നിന്നു. കുറുകിയ കണ്ണൂകൾ എന്റെ നോട്ടത്തിൽ നിന്നു കുതറിക്കൊണ്ടിരുന്നു. അവന്റെ കൈയ്യിൽ നിന്നു കണ്ടെടുത്ത രേഖകളിൽ ഞാൻ കണ്ണോടിച്ചു തീർത്തിരുന്നു. എന്റെ സൈനികശക്തിയുടെ വിശദാംശങ്ങൾ, നഗരത്തിനു ചുറ്റുമുള്ള ദുർഗത്തിന്റെ ഞാൻ പോലും ശ്രദ്ധിച്ചിട്ടില്ലാത്ത ദൗർബല്യങ്ങൾ...

ഞാൻ ചാരനെ നോക്കിക്കൊണ്ടേയിരുന്നു. കുമാരനായിരുന്ന കാലത്ത്‌, പാചകക്കാർ ഒരു എലിയെ കെണി വച്ചു പിടിച്ചതു കണ്ടതാണ്‌ ഓർമ വന്നത്‌. മുഖത്ത്‌, ഗൂഢമാർഗങ്ങളുടെ ഇരുട്ടിൽ ന്നിന്നു വെളിച്ചത്തു വന്നു ചാടിയതിന്റെ പകപ്പ്‌. ഇല്ലാത്ത രക്ഷാമാർഗം തേടിക്കൊണ്ട്‌ അങ്ങുമിങ്ങും ചാടുന്ന കണ്ണുകൾ. മറ്റൊന്നും ചെയ്യാനില്ലാത്തതു പോലെ ഞാൻ അവന്റെ നികൃഷ്ടമായ ഭയത്തിൽ കണ്ണുറപ്പിച്ചു നിന്നു.

മന്ത്രിയുടെ, പതിഞ്ഞതെങ്കിലും പതറാത്ത ശബ്ദം: "പ്രഭോ, മരണത്തിൽ കുറഞ്ഞ ശിക്ഷയില്ല... ചാരവൃത്തിക്കു സഹായിച്ചാലും അങ്ങനെത്തന്നെ."

എവിടെ നിന്നോ പുറപ്പെട്ട ഒരു ദീർഘനിശ്വാസം ഞാൻ വിഷമിച്ചടക്കി. മനസ്സില്ലാ മനസ്സോടെ ചാരനിൽ നിന്നു കണ്ണുകൾ പറിച്ചെടുത്തു. തെല്ലുമാറി, ചിത്രാങ്കിതമായ ഒരു തൂണിൽ ചാരി രൂപമതി.

മല്ലീശ്വരത്തെ രാജകുമാരി. ഇപ്പോൾ എന്റെ ഇളയറാണി. അവളുടെ മുറിയിൽ നിന്നിറങ്ങുംമ്പോഴാണ്‌ ചാരന്‍ പിടിയിലായത്‌.

രൂപമതിയുടെ കണ്ണുകൾ നിലത്തു പാകിയ വെണ്ണക്കൽ ചതുരങ്ങളിൽ ഒന്നും കാണാതെ തറഞ്ഞു നിൽപാണ്‌. വികാരങ്ങൾ അസ്തമിച്ച വിളർത്ത മുഖം.

അക്ഷമനായിട്ടെന്ന പോലെ മന്ത്രി ഒന്നു ചുവടു മാറി നിന്നു. എന്റെ കൽപന കാത്തു നിൽപാണയാൾ. പുരികത്തിന്റെ ഒരു ചലനം മതി.

പക്ഷേ, ഞാനൊരു വേട്ടമൃഗത്തെപ്പോലെ പതറുകയായിരുന്നു. തേൻ പോലെ ഇനിവാർന്ന രണ്ടു മാന്മിഴികൾ മായുന്നില്ല.അന്ന്‌, മല്ലീശ്വരത്തു നിന്നുള്ള ആഘോഷപൂർവ്വ്വമായ രഥയാത്രയ്ക്കിടയിൽ അവ എന്തെല്ലാം മധുരമൊഴികളാണ്‌ ഉരിയാടിയത്‌!

പേരറിയാത്ത ഏതോ മാസ്മരഗന്ധം എന്റെ നാസികയെ മത്തുപിടിപ്പിച്ചുകൊണ്ടേയിരുന്നു.

- വധത്തിനു പകരം തടവായാലും പോരെന്നുണ്ടോ?

ഞാൻ ആ ചോദ്യം ചോദിച്ചില്ല. പകരം മന്ത്രിയുടെ മുഖത്തേക്കു വെറുതെയൊന്നു നോക്കി. അയാൾ അനങ്ങതെ കാത്തു നിൽപാണ്‌. വികാരലേശം പോലുമില്ലാത്ത മുഖം. എനിക്കും രൂപമതിക്കും ഇടയിൽ ശൂന്യതയിലെവിടെയോ ആണു നോട്ടം.

ഞാൻ കണ്ണടച്ച്‌ എല്ലാം മറന്നു പ്രാർഥിച്ചു. ഒരു നിമിഷം... പെട്ടെന്ന്‌ എല്ലാ ചാഞ്ചാട്ടങ്ങളും നിലച്ചു. പൂർവ്വ്വികരുടെയും പരദൈവങ്ങളുടെയും അനുഗ്രഹം എന്നേ പറയേണ്ടൂ, എല്ലാം ഭദ്രമായി.

ഞാൻ വീണ്ടും മന്ത്രിയുടെ മുഖത്തേക്കു നോട്ടം തിരിച്ചു. ഇത്തവണ അയാളുടെ കണ്ണുകൾ എന്റെ മുഖത്തു തന്നെയായിരുന്നു. ശബ്ദത്തിൽ കരിങ്കല്ലിന്റെ കരുത്ത്‌ ആവാഹിച്ചെടുത്ത്‌ ഞാൻ മൂളി: "ഊം!"

പിന്നെ ഞാൻ ബാക്കിയുള്ള രാജ്യകാര്യങ്ങളിലേക്കു കടന്നു.

നിമിഷനേരത്തേക്കു നെഞ്ചിലുയർന്ന വിഭ്രാന്തി ഞാൻ മറന്നു കഴിഞ്ഞിരുന്നു. പക്ഷേ, പിറ്റേന്നു മുഖം കാണിക്കാനെത്തിയപ്പോൾ മന്ത്രി പറഞ്ഞു, "മൃഗയാവിനോദത്തിനുള്ള എല്ലാ ഏർപ്പാടുകളും ചെയ്തിട്ടുണ്ട്‌. തിരുവുള്ളക്കേടില്ലെങ്കിൽ നാളെത്തന്നെ പുറപ്പെടാം."

ഞാൻ തെല്ലൊന്ന്‌ അമ്പരന്നു. പെട്ടെന്ന് എനിക്കോർമ വന്നു. തലേന്ന്‌ ചോദിക്കാതെ വിട്ടു കളഞ്ഞ ചോദ്യം മന്ത്രി എന്റെ മുഖത്തു വായിച്ചിരിക്കണം. നിമിഷനേരത്തെ ചാഞ്ചല്യം പോലും ആപത്തിലേക്കു നയിക്കാം എന്നതു രാജ്യതന്ത്രത്തിലെ ബാലപാഠമാണ്‌. ശരിയാണ്‌, ഒരു അവധിയെടുക്കേണ്ട സമയമായിരിക്കുന്നു. ഞാൻ രജകീയമായ വിധേയത്വത്തോടെ മന്ത്രിയെ നോക്കി. അയാളുടെ മുഖത്തു ഭാവഭേദമൊന്നും ഉണ്ടായിരുന്നില്ല.

...അതാ, കാട്ടുഗ്രാമത്തിലെ ഒഴുക്കൻ കൂരകൾ കണ്ടു തുടങ്ങി. ആരെയും പുറത്തു കാണാനില്ല. കുതിരക്കുളമ്പടികളുടെ മയമില്ലാത്ത താളം കേട്ടു ഭയന്ന്‌ എല്ലാവരും അകത്ത്‌ അടച്ചിരിപ്പാവണം.

ആഴമില്ലാത്ത അരുവിയിലൂടെ കുതിരകൾ അക്കരയ്ക്കു കടന്നു. ഓരോ അടിയും സൂക്ഷിച്ചു വേണം വയ്ക്കാൻ. കണ്ണീരു പോലെ തെളിവാർന്ന ഒഴുക്കിനടിയിൽ മിനുമിനുത്ത വെള്ളാരങ്കല്ലുകൾ ഉരുളാൻ വെമ്പി നിൽപാണ്‌.

അക്കരെ. പുൾപ്പരപ്പിലൂടെ പുളഞ്ഞു നീളുന്ന പാത ഒരു ഇല്ലിപ്പടർപ്പിനിടയിലേക്കു നൂണ്ടു കയറുന്നു. തെല്ലൊന്ന്‌ ഒതുങ്ങിയിരുന്നില്ലെങ്കിൽ പട്ടുവസ്ത്രങ്ങൾ മുള്ളിൽ ഉടക്കിവലിച്ചേക്കും. ചുറ്റും തണലിന്റെ നിശ്ചലത. ഒന്നിനും ഒരു ധൃതിയുമില്ലാത്ത മട്ടിൽ കിളികൾ പാടിക്കൊണ്ടിരുന്നു. തെല്ലു മുന്നിലായി ഒരു കാട്ടുകോഴി മിന്നല്‍ വേഗത്തില്‍ പാതയ്ക്കു കുറുകെ പാഞ്ഞു. ചുറ്റും, ആരോ വീർപ്പടക്കി നിൽക്കുമ്പോലത്തെ ശാന്തത : കാട്ടിലെത്തിക്കഴിഞ്ഞു.

എത്ര പെട്ടെന്നാണ്‌ അന്തരീക്ഷം മാറിയത്‌!

എവിടെയൊക്കെയോ വലിഞ്ഞു മുറുകി നിന്നിരുന്ന കെട്ടുകൾ ഒന്നൊന്നായി അയയുന്നതു പോലെ എനിക്കു തോന്നി. പണ്ടൊരിക്കൽ കാടിന്റെ ഈ ഭാഗത്ത്‌ വന്നിട്ടുണ്ടെന്നു തോന്നുന്നു. കുട്ടിക്കാലത്താവണം - അച്ഛന്റെ കൂടെ.

ശരിയാണ്‌, കരിങ്കൽ പലകകൾ ചേർത്തു വച്ചുണ്ടാക്കിയതു പോലുള്ള ആ കൊച്ചു ഗുഹ നല്ല ഓർമയുണ്ട്‌. കാട്ടുജാതിക്കാരുടെ ഏതോ ക്ഷേത്രമാണ്‌ അതെന്ന്‌ അച്ഛന്റെ വൃദ്ധനായ മന്ത്രി പറഞ്ഞു തന്നതും ഓർക്കുന്നു.

ഏതോ ചിന്തയിലാണ്ടതു പോലെ എന്റെ കുതിരയുടെയും വേഗം കുറഞ്ഞിരുന്നു. ഞാൻ പതുക്കെ താഴെയിറങ്ങി. ഗുഹാക്ഷേത്രത്തിന്റെ അടുത്തെത്തി. ഇതിലൂടെ പാതാളലോകത്തിലേക്ക്‌ ഏതൊ ഗൂഢമാർഗമുണ്ട്‌ എന്നണ്‌ മന്ത്രി പറഞ്ഞിരുന്നത്‌. അകത്തു പോയവരാരും തിരിച്ചു വന്നിട്ടില്ലത്രെ. ഞാൻ വെറുതെ കാതോർത്തു: നീചലോകങ്ങളിൽ നിന്നുള്ള സീൽക്കാരങ്ങൾ കേൾക്കാനുണ്ടൊ?

അകമ്പടിക്കാർ ക്ഷമയോടെ കാത്തു നിൽക്കുകയാണ്‌. കാടിന്റെ ധൃതിയില്ലായ്മ അവരെയും ബാധിച്ചതു പോലെ തോന്നി.

പെട്ടെന്ന്‌ ഗുഹയിൽ നിന്ന്‌ ഒരനക്കം. ഞാൻ ഞെട്ടി അൽപം പുരകോട്ടു മാറി. അകത്തെ ഇരുട്ടിന്റെ ഒരു കഷ്ണം പുറത്തേക്കു തുള്ളിത്തെറിച്ചു വന്നതു പോലെയാണ്‌ ആദ്യം തോന്നിയത്‌.

പരുക്കൻ കറുപ്പു നിറം, വൃത്തികെട്ട ജട, തീയാളുന്ന കണ്ണുകൾ - ഒരു കാട്ടുസന്ന്യാസിയാണ്‌.

"വേഗം വണങ്ങൂ," അടുത്തു നിന്ന മന്ത്രി മന്ത്രിച്ചു. ഞാൻ അനുസരിച്ചു. സന്ന്യാസിയുടെ കണ്ണുകൾ എന്റെ മുഖത്തു തറഞ്ഞു. പിന്നെ അയാൾ എന്തൊക്കെയോ ജൽപിക്കാൻ തുടങ്ങി. എനിക്കറിയാത്ത ഭാഷയിലാണ്‌. ഓടുവിൽ, അനുഗ്രഹം എന്നു വ്യാഖ്യാനിക്കാവുന്ന ഒരു ആംഗ്യവും കാട്ടി അയാൾ ഗുഹയ്ക്കുള്ളിൽ മറഞ്ഞു.

ഞാൻ മന്ത്രിയെ നോക്കി. സ്വതവേ നിര്‍വികാര പരബ്രഹ്മം പോലിരിക്കുന്ന ആ മുഖത്ത്‌ ആവേശത്തിന്റെ തിളക്കം.

മന്ത്രി പറഞ്ഞു, "വംശത്തിന്റെ സുകൃതം... സന്ന്യാസി പറഞ്ഞതു മനസ്സിലായില്ലേ?"

ഞാൻ 'ഇല്ല' എന്നു തലയാട്ടി.

"വിദൂരദേശത്തെ ഒരു രാജകുമാരി ശാപം കിട്ടി മാൻ കുട്ടിയായി അലയുന്നുണ്ടത്രെ... ഈ കാട്ടിൽ! ശപിച്ചതു ഈ സന്ന്യാസി തന്നെ - ആശ്രമപ്രദേശത്തു കടന്നു നിഷ്ഠകൾക്കു ഭംഗം വരുത്തിയതിന്‌. ശാപമോക്ഷത്തിന്‌ ഒരു വഴിയേയുള്ളൂ: വംശമഹിമയുള്ള ഒരു രാജാവ്‌ അവളെ വധുവായി സ്വീകരിക്കണം. അതോടെ ആ കുമാരിക്ക്‌ സുന്ദരമായ സ്വന്തം രൂപം തിരിച്ചു കിട്ടുമത്രെ. അങ്ങ്‌ ഈ ദൗത്യം ഏറ്റെടുക്കണം എന്നാണ്‌ സന്ന്യാസി പറഞ്ഞത്‌. അതാ, ആ മേട്ടിനപ്പുറത്തുള്ള മുളങ്കാട്ടിനടുത്താണത്രെ ആ കുമാരിയുടെ വാസം!"

"ഞാൻ എന്തു ചെയ്യണം?"

"
സംശയമെന്ത്? ആ കുമാരിയെ വധുവായി സ്വീകരിക്കണം! സുന്ദരിക്കു ശാപമോക്ഷം നൽകിയ അങ്ങ്‌ നൂറു നൂറു മുത്തശ്ശിക്കഥകളിൽ അവതരിക്കും. വംശമഹിമയ്ക്ക്‌ ഇതിലും നല്ലൊരു തൂവൽ കിട്ടാനില്ല," മന്ത്രി പറഞ്ഞു. "വരൂ, മാൻ കുട്ടിയുടെ മുഖത്തു നോക്കി, 'നി എന്റെ വധുവാണ്‌' എന്നു പറഞ്ഞാൽ മതി!"

മന്ത്രിയുടെ ആവേശം കയറിയ ചുവടുകൾക്കൊപ്പം ഞാൻ നടന്നു. പിന്നാലെ പരിവാരങ്ങളും.

അച്ചടക്കമില്ലാതെ മുറ്റിവളർന്ന മുളകൾ മാത്രമേ ആദ്യം കണ്ണിൽപെട്ടുള്ളു. പിന്നീടാണ്‌ ഒരു വശത്തായി ഒരനക്കം ശ്രദ്ധിച്ചതു. പുല്ലു മേഞ്ഞു നിന്നിരുന്ന പുള്ളിമാൻ തലയുയർത്തി ഭീതി നിറഞ്ഞ കണ്ണുകളോടെ ഞങ്ങളെ നോക്കി. പെട്ടെന്നത്‌ ചാടി മുൾങ്കൂട്ടങ്ങൾക്കു പിന്നിൽ മറഞ്ഞു.

"കുമാരീ, ഓടരുത്‌! തിരുമനസ്സുകൊണ്ട്‌ അവിടുത്തെ സ്വീകരിക്കാൻ വന്നതാണ്‌" - മന്ത്രിയുടെ ശബ്ദം.

ഞാൻ നിശ്ചേഷ്ടനായി നിന്നു. മുളങ്കൂട്ടത്തിലെ ഇലകൾ എവിടെയോ ഒന്നനങ്ങി. പുള്ളിമാൻ അടിവച്ചടിവച്ച്‌ പുറത്തു വന്നു. അത്‌ ഞങ്ങൾക്കു നേരെ എട്ടുപത്തടി വച്ചു. എന്നിട്ട്‌ എന്റെ മുഖത്തു നോട്ടമുറപ്പിച്ചു.

ആ കണ്ണുകളിൽ വ്യക്തമായി വായിക്കാവുന്ന ഒരു അപേക്ഷയുണ്ട്‌. സമ്പൂർണ്ണമായ വിധേയത്വത്തിന്റെ കുളിർമ ഞാൻ അനുഭവിക്കാൻ തുടങ്ങി.

വീണ്ടും മന്ത്രിയുടെ മന്ത്രണം: "പറയൂ... വധുവായി സ്വീകരിച്ചു എന്നു പറയൂ! അന്ത:പുരത്തിലേക്ക്‌ ഒരു മുതൽക്കൂട്ടു കൂടി!"

പെട്ടെന്ന്‌ ഒരു ഉറക്കത്തിൽ നിന്നുണർന്നതു പോലെ എനിക്കു തോന്നി. ഞാൻ മന്ത്രിയുടെ മുഖത്തു നോക്കിയില്ല.

സ്വയമറിയാതെ എന്റെ വില്ല് ഉയർന്നു.

പേടമാനിന്റെ മിഴികളിലെ അപേക്ഷ അമ്പരപ്പായി മാറുമ്പോഴേക്കും അമ്പു പാഞ്ഞു കഴിഞ്ഞിരുന്നു.

ഞാൻ നിലത്തു കുഴഞ്ഞിരുന്നു. അനുയായികൾക്കിടയിലെ സ്തബ്ധത എന്നെ പൊതിഞ്ഞു.

മറ്റേതോ ലോകത്തു നിന്നെന്ന പോലെ ചുമലിൽ മന്ത്രിയുടെ കരസ്പർശം ഞാനറിഞ്ഞു.

പിന്നെ, ഒന്നും സംഭവിക്കാത്ത മട്ടിൽ മന്ത്രിയുടെ ആജ്ഞ മുഴങ്ങി:

"ഊം, ചെണ്ടകൾ മുഴങ്ങട്ടെ! കാടു മുഴുവൻ ഇളകണം!"

********


Thursday, December 17, 2009

സംശയം

രുളുന്ന പുഴയരികി-
ലെരിയുന്നു വിറകട്ടി,
ഇതിനുള്ളിലച്ഛന്റെ
നെഞ്ചകം നീറുമോ?

വേനലിൻ വേവലിൽ
വിറകുകൾ ഞരങ്ങുന്നു
ഒരു തീയ്‌, മുൻശുണ്ഠി
കേറി,ക്കയർക്കുന്നു.

ഇരുളുന്ന പുഴയിൽ നി-
ന്നൊരു കാറ്റു വീശുന്നു.
ഒരു ചുരുൾ പുക വന്നു
കണ്ണുകൾ മൂടുന്നു.
ഇനിയുമൊരു ചുരുളേറി-
യച്ഛൻ ഗമിക്കുന്നു.

എങ്കിലി,ന്നീയിരുൾ-
ച്ചുരുളിൽ ഗമിച്ചിടു-
ന്നേതൊരച്ഛൻ?

പതറാത്ത കണ്ണട-
ച്ചില്ലിലേക്കുയരുന്നൊ-
രീ കൊച്ചു മുഖമതിൽ
കൂസാത്ത കുസൃതി തൻ
ചിരി വാരിയിട്ടിട്ടു
പൊരിവെയിൽ താണ്ടുന്നൊരച്ഛൻ.

പിന്നെയൊരു രാത്രി തൻ
വരവതിലി,രുട്ടിന്റെ
തിമിരത്തിൽ തപ്പി-
ത്തടഞ്ഞിടുമൊരച്ഛൻ.

ഇന്നീയിരുൾച്ചുരുളി-
ലേറിഗ്ഗമിക്കുന്ന-
തേതൊരച്ഛൻ?

ഒരു കാറ്റു വീശുന്നു,
പുക തിങ്ങി കണ്ണുകൾ
ചെങ്ങുന്നു, വിറകിന്റെ-
യാളലിൽ ചിതറുന്നു
നീർക്കുടം, ചുറ്റിലും
ഇരുൾ വന്നു മൂടിയോ?

ഇല്ലില്ല, പുഴയിൽ
നിലാവിൻ നുണക്കുഴി-
ച്ചിരിയാണു വിരിയുന്നു!
ഇത്തിരിശ്ശുണ്ഠിയിൽ
ചിരി ചേർത്തു ശാസന:
"നിന്റെയൊരു സംശയം!"