Monday, December 28, 2009

ത്രിസന്ധ്യക്ക്‌ ഒരാൾ

ട്ടണപ്രാന്തത്തിലെ ഏതാണ്ടു നാടൻ മട്ടിലുള്ള ഒരു കവല. പച്ചക്കറിയും അത്യാവശ്യ ലൊട്ടുലൊടുക്കുകളും വിൽക്കുന്ന ഒരു ചെറിയ കട. സന്ധ്യ മങ്ങിക്കഴിഞ്ഞു. തൂങ്ങിക്കിടക്കുന്ന ഇലക്ട്രിക്‌ ബൾബിന്റെ വെളിച്ചം.

കുറച്ചു പേർ കടയിൽ പറ്റിക്കൂടി നിൽക്കുന്നുണ്ട്‌. അവർക്ക്‌ ഒന്നും ചെയ്യാനില്ല. എന്നാലും കടക്കാരൻ അവരുടെ സാന്നിധ്യം ഇഷ്ടപ്പെടുന്നുണ്ട്‌.

അത്‌ ഒരു പതിവു കൂട്ടായ്മയാണ്‌. എന്നാൽ ഇന്ന്‌ എല്ലാ മുഖത്തും ഒരു പിരിമുറുക്കമുണ്ട്‌.

ഈ കൂട്ടത്തിലേക്ക്‌ സഞ്ചിയും തൂക്കി ഒരു പന്ത്രണ്ടുകാരൻ.

അവനോടൊപ്പം തന്നെ മറ്റൊരാൾ കൂടി കടയുടെ ഇരമ്പിലേക്ക്‌ കയറിയെത്തി. സ്ഥലത്തെ പ്രധാന ഗുണ്ട. കണ്ടാൽ ആരും ഒന്നു പതുങ്ങിപ്പോകുന്ന രൂപഭാവാദികൾ.

കുട്ടി: "കാൽക്കെട്ടു പപ്പടം"

പ്ര. ഗുണ്ട: (കടക്കാരനു നേരെ ബീഡിക്കു കൈ നീട്ടിക്കൊണ്ട്‌ പരിഹാസപൂർവ്വം മുരടൻ ശബ്ദത്തിൽ)
"എന്തിനാടാ ചോർച്ചയടക്കാനാണോ? വെറുതെ മെനക്കെടുത്താൻ...!"

കുട്ടി ഒന്നു പേടിച്ചൊതുങ്ങി.

തന്റെ പ്രകടനത്തിന്‌ ഒരു കൂട്ടച്ചിരി പ്രതീക്ഷിച്ച ഗുണ്ട ചുറ്റും നോക്കി. പക്ഷേ, എല്ലാ മുഖത്തും ഒരു പിരിമുറുക്കം. ഗുണ്ട കടക്കാരനു നേരെ നോട്ടം തിരിച്ചു. കടക്കാരൻ എന്തോ കണ്ണു കാണിച്ചു.

അപ്പോഴാണ്‌ ഗുണ്ടയുടെ ശ്രദ്ധയിൽ അതു പെട്ടത്‌. ഒരു കാക്കി നിറം. ആ ഇത്തിരി വട്ടം വെളിച്ചത്തിന്റെ അതിരിൽ ഒരു പോലിസുകാരൻ. റോഡിന്റെ മറുവശത്ത്‌ ഒരു പോലിസ്ജീപ്പും നിർത്തിയിട്ടിട്ടുണ്ട്‌. അതിൽ ക്ഷമയോടെ കാത്തിരിക്കുന്ന പോലിസ്‌ ഡ്രൈവർ.

പക്ഷേ, എല്ലാവരുടെയും ശ്രദ്ധ മറ്റൊരിടത്തായിരുന്നു. കടയോടു ചേർന്ന ഇരുട്ടിൽ ഒരു ബീഡിത്തിളക്കം. കറുത്തു മലിഞ്ഞ ഒരു കൈ കടക്കാരനു നേരെ നീണ്ടു വന്നു.

"ചേട്ടാ, ഒരു സോഡ കൂടി..."

കൈയാമത്തിന്റെ കിലുക്കം. എല്ലാവരും ഒന്നു നടുങ്ങിയതു പോലെ.

അതൊരു തടവുകാരനാണ്‌. ഒരു മെലിഞ്ഞ രൂപം. പക്ഷേ, ആ നിൽപിലും നോട്ടത്തിലും ഒരു ബലമുണ്ട്‌. ഏതോ ഗുഹയിൽ നിന്നും കാറ്റു കൊള്ളിക്കാൻ കൊണ്ടു വന്ന ഒരു കാട്ടുമൃഗം.

താൻ ഇവിടെയൊന്നുമല്ല എന്ന മട്ടിൽ എവിടെയോ നോക്കി നിൽപാണ്‌ പോലിസുകാരൻ.

തടവുകാരന്റെ നോട്ടം ഗുണ്ടയുടെ മുഖത്തൊന്നു പാറി വീണു. ആ നോട്ടത്തിൽ എല്ലാറ്റിനോടുമുള്ള വിലയില്ലായ്മയും പുച്ഛവുമാണ്‌. ഗുണ്ടയെ കണ്ടപ്പോഴേ അയാൾക്ക്‌ ഇനം മനസ്സിലായി. പക്ഷേ, അയാളുടെ നിലവാരം വേറെയാണ്‌. അതിന്റെ പുച്ഛം നോട്ടത്തിലുണ്ട്‌.

ഗുണ്ടയ്ക്ക്‌ ഒരു പതർച്ചയുണ്ട്‌. എന്നാലും ഒന്നിടപെട്ടാലേ അയാളുടെ ഹുങ്കിന്‌ പിടിച്ചു നിൽക്കാൻ പറ്റൂ.

ഗുണ്ട: (ഒരു സഹജീവിയോടെന്ന വണ്ണം സമഭാവത്തിൽ):

"എന്താ മോനേ, കേസുകെട്ട്‌?"

പെട്ടെന്ന്, തടവുകാരന്റെ നോട്ടം ഗുണ്ടയുടെ മുഖത്തു തറഞ്ഞു കയറുന്നു. അയാൾ ഇത്തരം എന്തെങ്കിലുമൊന്ന് ഉണ്ടാവാൻ കാത്തിരിക്കുകയായിരുന്നു.

തടവുകാരൻ: (താഴ്‌ന്ന ശബ്ദത്തിൽ, എന്നാൽ അതൊരു സ്വകാര്യം പറച്ചിലല്ല. ഒരു തരം അമർത്തിയ മുരളൽ)

"എന്താ ചേട്ടാ, അറിഞ്ഞേ പറ്റുള്ളോ? ... പറഞ്ഞാൽ മതിയോ, അതോ കാണിച്ചു തരണോ?"

ഗുണ്ടയുടെ നോട്ടം പതറുന്നു. എന്തോ വാക്കു വിഴുങ്ങിയതു തൊണ്ടയിൽ കുരുങ്ങിയതു പോലെ അയാളുടെ കണ്ണുകൾ മിഴിഞ്ഞു.

തടവുപുള്ളി ഇത്‌ ആസ്വദിക്കാൻ തുടങ്ങിക്കഴിഞ്ഞു. ഒപ്പമുള്ള പോലിസുകാരൻ ഈ ലോകത്തൊന്നുമല്ല എന്ന മട്ടിൽ ഒന്നും ശ്രദ്ധിക്കാതെ നിൽപാണ്‌.

തടവുകാരൻ: (ചുണ്ടിലെ ബീഡിത്തുണ്ടു നീറിത്തെളിയുന്നുണ്ട്‌)

"നിർബന്ധമാണെങ്കിൽ പറഞ്ഞേ ചേട്ടാ... വേണമെങ്കിൽ എന്റെ കൂടെയങ്ങ്‌ അകത്തോട്ടു പോരെ. അപ്പോ ശരിക്കും കാണിച്ചു തരാൻ പറ്റും. ദേ, ഞാനിപ്പോ ഒന്ന് ഒച്ച വച്ചാൽ മതി. ഈ സാറന്മാരു വേണ്ടതു ചെയ്തോളും."

ഗുണ്ടയുടെ മുഖത്തു വിയർപ്പു പൊടിഞ്ഞു തുടങ്ങിയിരിക്കുന്നു. നോട്ടത്തിൽ പേടി നിറഞ്ഞിട്ടുണ്ട്‌. വിഴുങ്ങാനാവാത്തതെന്തോ വായിലാക്കിയതിന്റെ അബദ്ധ ഭാവം.

കടയിലെ മറ്റുള്ളവർ സ്തബ്ധരായി നിൽപാണ്‌. കുട്ടി തടവുകാരനെയും ഗുണ്ടയെയും മാറി മാറി നോക്കുന്നു. തടവുകാരന്റെ മുന കൂർത്ത നോട്ടത്തിന്‌ അനക്കമില്ല. ഗുണ്ടയുടെ നോട്ടം പതറുന്നുണ്ട്‌.

കുട്ടിയുടെ മുഖത്ത്‌ ഒരു തരം ഭയം കലർന്ന കൗതുകമാണ്‌. ഗുണ്ടയുടെ പരിഭ്രാന്തി അവൻ ആസ്വദിക്കുന്നുണ്ട്‌.

പെട്ടെന്ന് ഗുണ്ടയുടെ നോട്ടം താഴ്‌ന്നു. പഞ്ചപിടിത്തത്തിൽ പരാജിതന്റെ കൈ താഴുന്നതു പോലെ.

ഗുണ്ട: "എന്നെ വിട്ടേക്ക്‌ ചേട്ടാ... അറിയാതെ ചോദിച്ചതാണേ..."

കടയിലെ പിരിമുറുക്കം ഒന്നയഞ്ഞതു പോലെ.

തടവുകാരൻ ഒന്നും സംഭവിക്കാത്തതു പോലെ ബീഡി ആഞ്ഞു വലിച്ച്‌ ഇരുട്ടിലേക്കു പിൻ വാങ്ങി.

അപ്പോൾ, ഗുണ്ടയുടേ നോട്ടം കുട്ടിയുടെ നോട്ടവുമായി ഇടയുന്നു. അവന്റെ കൗതുകത്തിൽ അയാൾ വായിക്കുന്നത്‌ പരിഹാസമാണ്‌.

ഗുണ്ട: "ഛീ, ഓടെടാ!"

കുട്ടി അഞ്ചാറടി മാറി ഒന്നു തിരിഞ്ഞു നോക്കുന്നു. ഇരുട്ടിൽ ഒരു ബീഡിത്തുമ്പു തിളങ്ങുന്നു.

5 comments:

cheryash said...

great to see the blog , finally! Do some short ones also -- it is the age of twitter !

A.V.G.Warrier said...

കഥ അസ്സലായിട്ടുണ്ട്. കണ്ണുരുട്ടുകയും കാര്‍ക്കിച്ചു തുപ്പുകയും ചെയ്യുന്ന ഗുണ്ടകളും അവര്‍ക്കിടയില്‍ ത്രിസന്ധ്യക്ക്‌ തെല്ല് പരിഭ്രമത്തോടും പരിഹാസത്തോടും കൂടി കിടന്നു കളിക്കുന്ന കുട്ടികളും അടങ്ങിയതാണല്ലോ നമ്മുടെ ഈ ലോകം. ഇതിനു മുമ്പെഴുതിയ കഥക്ക് നല്ലൊരു അനുബന്ധം.

Unknown said...

Adipoli! suspense nallavannam maintain cheithu!

ചിതല്‍/chithal said...

ഗംഭീരം. ഇതൊരു ഹാസ്യമാവും എന്നാ ഞാന്‍ ആദ്യം വിചാരിച്ചതു്. കഥയുടെ theme അവസാനത്തെ വാചകത്തിലാണ്‌ ഉരുത്തിരിയുന്നത്‌ എന്നു തോന്നി.

Sankaran said...

എല്ലാവർക്കും നന്ദി. സത്യത്തിൽ ഇതൊരു കഥയല്ല. കുറച്ചു വർഷം മുമ്പു ഞാൻ സാക്ഷ്യം വഹിക്കാനിടയായ ഒരു സംഭവം എന്റേതായ രീതിയിൽ ഓർമിച്ചെടുത്തു എന്നു മാത്രം. ഈ ഓർമിച്ചെടുക്കലിൽ, യാഥാർത്ഥ്യത്തോടു പ്രത്യേക വിധേയത്വമൊന്നും ഞാൻ പുലർത്തിയിട്ടില്ല എന്നതും നേരാണ്‌.