Thursday, December 17, 2009

സംശയം

രുളുന്ന പുഴയരികി-
ലെരിയുന്നു വിറകട്ടി,
ഇതിനുള്ളിലച്ഛന്റെ
നെഞ്ചകം നീറുമോ?

വേനലിൻ വേവലിൽ
വിറകുകൾ ഞരങ്ങുന്നു
ഒരു തീയ്‌, മുൻശുണ്ഠി
കേറി,ക്കയർക്കുന്നു.

ഇരുളുന്ന പുഴയിൽ നി-
ന്നൊരു കാറ്റു വീശുന്നു.
ഒരു ചുരുൾ പുക വന്നു
കണ്ണുകൾ മൂടുന്നു.
ഇനിയുമൊരു ചുരുളേറി-
യച്ഛൻ ഗമിക്കുന്നു.

എങ്കിലി,ന്നീയിരുൾ-
ച്ചുരുളിൽ ഗമിച്ചിടു-
ന്നേതൊരച്ഛൻ?

പതറാത്ത കണ്ണട-
ച്ചില്ലിലേക്കുയരുന്നൊ-
രീ കൊച്ചു മുഖമതിൽ
കൂസാത്ത കുസൃതി തൻ
ചിരി വാരിയിട്ടിട്ടു
പൊരിവെയിൽ താണ്ടുന്നൊരച്ഛൻ.

പിന്നെയൊരു രാത്രി തൻ
വരവതിലി,രുട്ടിന്റെ
തിമിരത്തിൽ തപ്പി-
ത്തടഞ്ഞിടുമൊരച്ഛൻ.

ഇന്നീയിരുൾച്ചുരുളി-
ലേറിഗ്ഗമിക്കുന്ന-
തേതൊരച്ഛൻ?

ഒരു കാറ്റു വീശുന്നു,
പുക തിങ്ങി കണ്ണുകൾ
ചെങ്ങുന്നു, വിറകിന്റെ-
യാളലിൽ ചിതറുന്നു
നീർക്കുടം, ചുറ്റിലും
ഇരുൾ വന്നു മൂടിയോ?

ഇല്ലില്ല, പുഴയിൽ
നിലാവിൻ നുണക്കുഴി-
ച്ചിരിയാണു വിരിയുന്നു!
ഇത്തിരിശ്ശുണ്ഠിയിൽ
ചിരി ചേർത്തു ശാസന:
"നിന്റെയൊരു സംശയം!"

2 comments:

ചിതല്‍/chithal said...

നല്ല കവിത. അച്ഛനുള്ള ആദരാഞ്ജലിയോടെ തുടങ്ങിയ ഈ ബ്ലോഗ്‌ ഉയരങ്ങള്‍ താണ്ടട്ടെ.

Anonymous said...

അങ്ങനെ കുറേ കാലത്തെ കാത്തിരിപ്പിനുശേഷം ബ്ലോഗ് പ്രകാശം കണ്ടു!

കവിതയെക്കുറിച്ച് അഭിപ്രായം പറയാന്‍ എനിക്ക് അറിയില്ല, എങ്കിലും അസ്സലായിട്ടുണ്ട്!