Tuesday, September 21, 2010

വേഗത്തിന്റെ ക്ഷേത്രഗണിതം

(വളരെ പഴയ ഒരു ഡയറിക്കുറിപ്പ്)

എന്താണു വേഗം? A-യിൽ നിന്നു B-യിലേക്കുള്ള ദൂരത്തിനു സമയത്തിന്റെ ചിറകു കൊടുക്കുക. അപ്പോൾ വേഗമായി. വിഭ്രാന്തി പിടിച്ച ഒരു ഋജുരേഖയുടെ അതിലളിതസമവാക്യം. ഈ പ്രത്യക്ഷലാളിത്യത്തിന്റെ ഓരോ പടവും പിന്നിടുമ്പോൾ എന്തൊക്കെ സങ്കീർണതകൾ!

A കസേരയാണ്. B വാതിലും. ദൂരം പത്തടി. ചുമരിൽ നിന്നുള്ള ‘ടിക് ടിക്’ ശബ്ദങ്ങൾക്കിടയിൽ നിന്നും സുതാര്യമായ ഒരു ചിറക് എന്റെ നോട്ടത്തിൽ വന്നു പറ്റിപ്പിടിക്കുന്നു. വേഗത്തിന്റെ തുടക്കമായി. ഞാൻ B എന്ന വാതിൽക്കലെത്തുന്നു…

ഇല്ല, ഞാൻ കസേരയിൽത്തന്നെ. എന്റെ നോട്ടത്തിൽ ഒരു ചിറകു പിടയ്ക്കുന്നു.

2 comments:

ചിതല്‍/chithal said...

ഒരുപാടൊരുപാടു്‌ സങ്കീർണതകൾ നിറഞ്ഞ ഒരു വിഷയം. കസാലയിൽ നിന്നു്‌ എഴുന്നേൽക്കുന്ന സമയം കണക്കാക്കണോ? വേഗമാണോ പ്രവേഗമാണോ കൂടുതൽ ശരി? നേർ‍രേഖയിൽ തന്നെ സഞ്ചരിക്കാൻ സാധിക്കും എന്നുറപ്പുണ്ടോ?

എന്റെ എഞ്ജിനിയറിംഗ് ബുദ്ധി വളഞ്ഞുതുടങ്ങിയിരിക്കുന്നു!

A.V.G.Warrier said...

ഒരു ചിറകു മാത്രം വെച്ചു പറക്കാന്‍ ശ്രമിച്ചതാണോ കുഴപ്പമുണ്ടാക്കിയത്? കാലദേശങ്ങളുടെ അവധിക്കുള്ളില്‍ പറക്കാന്‍ രണ്ടു ചിറകുകള്‍ വേണമല്ലോ? ഒരു ചിറകു വെച്ചു പറക്കാന്‍ ശ്രമിക്കുമ്പോള്‍ നില്‍ക്കുന്നയിടത്തു തന്നെ നിന്ന് തുള്ളിക്കൊണ്ടിരിക്കും. അത് കൊണ്ടാണോ വാതില്‍ക്കലെത്തിയെന്നു വിചാരിക്കുമ്പോള്‍ കസേരയില്‍ തന്നെ ഇരിക്കുന്നത്?