Monday, July 5, 2010

ഇടവഴിയിൽ നിന്ന് ഒരാൾ

ആ നിൽക്കുന്നതു നാരായണൻ കുട്ടിയല്ലേ?

പട്ടണത്തിരക്കിൽ, വഴിവക്കത്തു തറച്ചിട്ടതു പോലെ നാരായണൻ കുട്ടി നിൽക്കുന്നു.

ഉഴുന്നുപരിപ്പിന്റെയും റവയുടെയും പൊതികൾ ഒന്നു കൈമാറിപ്പിടിച്ച്‌ ഞാൻ പരുങ്ങലോടെ വീണ്ടും നോക്കി. അതെ, നാരായണൻ കുട്ടിയുടെ നോട്ടം എന്റെ മുഖത്തു തന്നെ. ആ കണ്ണുകളിൽ നട്ടപ്പൊരിവെയിൽ കല്ലച്ചു കിടക്കുന്നു. വേണ്ട, നാരായണൻ കുട്ടീ... അങ്ങനെ നോക്കണ്ട!

ചുറ്റും ഇരമ്പമാണ്‌. അങ്ങോട്ടുമിങ്ങോട്ടും പരക്കം പായുന്ന ആളുകൾ. ഹോണുകളുടെ ബഹളങ്ങൾ.
ഞാൻ തിരക്കിൽ അങ്ങുമിങ്ങും ദയനീയമായി നോക്കി. എന്റെ പരിഭ്രാന്തി ആരോടു പറയും? അതാ, നാരായണൻകുട്ടി അവിടെത്തന്നെ, എന്നെയും നോക്കിക്കൊണ്ട്‌...

പിന്നെ ഓർമ വരുമ്പോൾ ഞാൻ നിരത്തിന്റെ മറുകരയിൽ എത്തിക്കഴിഞ്ഞിരുന്നു. കരിങ്കല്ലിനു കാറ്റുപിടിച്ചതു പോലെ നാരായണൻകുട്ടി ഒറ്റനിൽപാണ്‌. ഞാൻ രണ്ടും കൽപിച്ച്‌ ഒരു പച്ചച്ചിരി ചിരിച്ചു.

അപ്പോഴുമില്ല, നാരായണൻകുട്ടിയുടെ മുഖത്ത്‌ ഒരു മാറ്റവും.

"എന്തൊക്കെയാ, ഗോവിന്ദാ," എന്നൊരു ചോദ്യം മാത്രം കേട്ടു. ഗോവിന്ദൻ എന്നു വച്ചാൽ ഞാൻ തന്നെ. എങ്കിലും ആശയോടെ ഞാൻ ഒന്നു തിരിഞ്ഞു നോക്കിപ്പോയി. ഇനി മറ്റു വല്ല ഗോവിന്ദന്മാരും പിന്നിലുണ്ടോ? നാരായണൻകുട്ടി ഇങ്ങനെ നോക്കിക്കൊല്ലുന്നത്‌ ആ വിദ്വാനെയായിരിക്കുമോ?

എന്റെ ചിന്തകൾ വയിച്ചിട്ടെന്നവണ്ണം നാരായണൻ കുട്ടി ചുണ്ടു കോട്ടിച്ചിരിച്ചു: "നീയാ പഴയ ഗോവിന്ദൻ തന്നെ!"

ഒന്നു കുണുങ്ങാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചതാണ്‌.
നാരായണൻ കുട്ടിയുടെ ചുണ്ടിൽ പിന്നെയും ചിരി മിന്നി.

എനിക്കു പിന്നിൽ നിരത്തിന്റെ പേടിപ്പിക്കുന്ന അലർച്ചകൾ. നാരായണൻകുട്ടിക്കു പിന്നിൽ ഒരു മുഷിഞ്ഞ സിനിമാപോസ്റ്ററിലെ കീറിപ്പരിഞ്ഞ പെൺ രൂപം, ഓടയുടെ നാറ്റം.

പഹയന്റെ കൂർത്ത മീശത്തുമ്പുകളും ചിരി കത്തുന്ന കണ്ണുകളും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. പെട്ടെന്നവൻ ഉറക്കെ ചിരിച്ചുകൊണ്ട്‌ എന്റെ തോളിൽ കൈവച്ചു.

ഒരു ആശ്രയത്തിനെന്നവണ്ണം ഞാൻ ഉഴുന്നുപരിപ്പിന്റെയും റവയുടെയും പൊതികളിൽ പിടിമുറുക്കി.പിടിത്തം സൂക്ഷിച്ചു വേണം - കടലാസു കീറിയാലോ?

നാരായണൻ കുട്ടിയുടെ നോട്ടവും എന്റെ കൈയിലെ പൊതികളിലേക്കു പാളി. അവന്റെ കണ്ണിൽ പുച്ഛമാണോ, അതോ പരിഹാസമോ?

വൽസല അടുത്തുണ്ടായിരുന്നെങ്കിൽ!

അപ്പോൾ നാരായണൻ കുട്ടി ചോദിക്കുകയായിരുന്നു: "ന്താ, ഗോവിന്ദാ... നമ്മക്കൊരു ചായ പാസ്സാക്കാം?"

അദ്ഭുതം, ബേക്കറിക്കു മുകളിലെ പഴയ ചായപ്പീടിക ഈപ്പോഴുമുണ്ട്‌. നാരായണൻ കുട്ടി രണ്ടു സ്പെഷൽ പൊടിച്ചായയ്ക്കും പഴം പൊരിക്കും ഓർഡർ കൊടുത്തു. വിദ്വാന്റെ നോട്ടം എന്റെ പോക്കറ്റിലേക്കു ചാടുന്നുണ്ടോ എന്നായിരുന്നു പേടി. അവിടെ തൊട്ടു കളിച്ചാൽ വൽസലയുടെ ഭാവം മാറും - ആഴ്ച ഒന്നു ബാക്കിയാണ്‌.

പഴം പൊരി എത്തിയതറിഞ്ഞ്‌ മറ്റേതോ മേശപ്പുറത്തു നിന്ന് ഒരു ഈച്ച മൂളിയെത്തി. നാരായണൻ കുട്ടി കൈ വീശി അതിനെ പറഞ്ഞയയ്ക്കാൻ തുടങ്ങി.

പണ്ടൊരിക്കൽ റാക്കു ഷാപ്പിൽ വച്ച്‌, അടിച്ചു ഫിറ്റായി പരിചയം സൃഷ്ടിക്കാനെത്തിയ ഒരാളെ നാരായണൻ കുട്ടി കൈവീശി പറഞ്ഞയച്ചതാണ്‌ എനിക്കോർമ വന്നത്‌. മാലപ്പടക്കത്തിനു തീ കൊടുത്തതു പോലെയായിരുന്നു. തെറിച്ചു വീഴുന്ന കസേരകൾ. പതറിപ്പോകുന്ന അലർച്ചകൾ. പാളുന്ന കത്തികൾ. കുഴയുന്ന ഒരു കുണുങ്ങിച്ചിരി. നിലവിളി. ഛർദ്ദിയുടെ കൊല്ലുന്ന നാറ്റം.

ഏതോ ഇടവഴിക്കവലയിൽ, സ്റ്റ്ട്രീറ്റ്‌ ലൈറ്റിന്റെ മഞ്ഞച്ച വെളിച്ചത്തിനു കീഴിൽ കൂനിപ്പിടിച്ചിരിക്കുന്ന രൂപത്തിലാണ്‌ പിന്നെ ഞാൻ എന്നെ കണ്ടെത്തിയത്‌. "എണീക്കെടോ, സങ്ങതി കഴിച്ചിലായി!" എന്നു നാരായണൻ കുട്ടി, പുളിച്ച ചൂരുള്ള വിടലച്ചിരിയോടെ.

ഈച്ച, പഴമ്പൊരിയിൽ നിന്നുയർന്ന് ചായയൊന്നു മണക്കാൻ എന്റെ ഗ്ലാസ്സിലേക്കു പറന്നു. അതിന്റെ മൂളലിൽ ഒരു വിലയില്ലായ്മയുണ്ട്‌. ഞാൻ ഈച്ചയെ ആട്ടാൻ കൈയൊന്നു കുടഞ്ഞു. കൈ ഗ്ലാസ്സിന്റെ വക്കിൽ തട്ടി ചായ തുളുമ്പിത്തെറിച്ചു. ഞാൻ നാരായണൻ കുട്ടിയെ പാളി നോക്കി. ശാന്തമായ കണ്ണുകളോടെ അവൻ എന്നെത്തന്നെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണ്‌. പെട്ടെന്നു നാരായണൻ കുട്ടി പൊട്ടിച്ചിരിച്ചു.

ആ പരിഹാസച്ചിരിയിൽ ലേശം വാൽസല്യവുമുണ്ട്‌. എനിക്കേറ്റവും പരിചയമുള്ള ചിരിയാണത്‌. ഇനിയെന്താണീ പഹയന്റെ ഭാവം?

വേറൊന്നും ചെയ്യാനില്ലാത്തതു കൊണ്ട്‌ ഞാൻ വാച്ചിൽ പാളി നോക്കി.

നാരായണൻ കുട്ടി എന്റെ തോളിൽ കൈ വച്ചു: "ബാ!"

ആളുകൾ വെയിലേറ്റു പൊള്ളിക്കൊണ്ടിരുന്നു. മിഠായിത്തെരുവ്‌, മാനാഞ്ചിറയിലേക്കു വായ തുറന്നു നീണ്ടു കിടന്നു. എവിടന്നോ പപ്പടം ചുട്ട മണം വരുന്നുണ്ടോ? ഏയ്‌, അടുത്തേതോ ഓടയിൽ നിന്നുള്ള നാറ്റമാവണം.

ഉച്ചപ്പൊരിവെയിലത്ത്‌ നിരത്ത്‌ കടലു പോലെ ആർത്തു. ചുറ്റും ചിരിക്കുന്ന നിറങ്ങൾ, അവയ്ക്കു പാകമാവാത്ത അലർച്ചകൾ. ഏതൊക്കെ കുണ്ടനിടവഴികളിൽ നിന്നുള്ള ഊർജമാണ്‌ ഇവിടെ പതഞ്ഞു ചിതറുന്നത്‌?

വെയിലേറ്റ്‌ എന്റെ തല പെരുക്കാൻ തുടങ്ങിയിരുന്നു. ശരിക്കൊന്നു വെയിലു കൊണ്ടിട്ട്‌ എത്രയോ നാളായി. വീടു വിട്ടാൽ ഓഫീസ്‌, ഓഫീസ്‌ വിട്ടാൽ വീട്‌ - ഇതു വൽസലയുടെ ചിട്ടയാണ്‌. വീട്ടു സാധനങ്ങൾ പാളയത്തെ പീടികയിൽ നിന്നു വാങ്ങണം എന്നതും അവളുടെ ചിട്ട തന്നെ. അല്ലെങ്കിൽ, ഇടയ്ക്കു വന്നു ചാടിയ ഒരു അവധി ദിവസം ഇങ്ങനെ ഒരു കുരുക്കിൽ ചാടണോ? വേഗം വീട്ടിലെത്തിക്കിട്ടിയാൽ മതിയായിരുന്നു.

ഞാൻ നാരായണൻ കുട്ടിയെ ഒന്നു പാളി നോക്കി. പൂനിലാവത്തു നടക്കുന്നതു പോലെയുണ്ട്‌. ഒരു നാരങ്ങവെള്ളം കുടിച്ചാലോ?

അപ്പോഴാണ്‌ നാരായണൻ കുട്ടിയുടെ ചോദ്യം:"നമ്മക്കൊരു ബിയറടിക്കാം?"

അതൊരു ചോദ്യമല്ല, പ്രസ്താവനയായിരുന്നു. അതുകൊണ്ടു തന്നെ എനിക്കൊന്നും പറയാനുണ്ടയിരുന്നില്ല.

ബാറിലെ തണുത്ത വെളിച്ചത്തിൽ പൊതികൾ മടിയിൽ ബാലൻസ്‌ ചെയ്ത്‌ ഞാൻ പരുങ്ങിയിരുന്നു.
"പേടിക്കാണ്ടെ കുത്തിരിക്കെടോ!" നാരായണൻ കുട്ടി പറഞ്ഞു, "ഇന്നത്തെ സ്മോൾ എന്റെ വക! ഇന്നലെ ഉഗ്രനൊരു കോളടിച്ചു..."

നാരായണൻ കുട്ടി അടിച്ച കോള്‌ എന്താവാം? ഞാൻ ആ ആലോചന വേണ്ടെന്നു വച്ചു.

ബിയറെന്നു വച്ചാൽ ബിയറല്ല എന്ന് ആർക്കാണ്‌ അറിയാത്തത്‌? രണ്ടെണ്ണം കഴിഞ്ഞപ്പോൾ എന്റെ തല പെരുക്കാൻ തുടങ്ങി. നാരായണൻകുട്ടി നാലെണ്ണമെങ്കിലും വീശിയിട്ടുണ്ടാവും.

പിന്നെയും പൊള്ളുന്ന നിരത്തിൽ. നാരായണൻകുട്ടി എന്തൊക്കെയോ പറയുന്നു, ചിരിക്കുന്നു. ഞാൻ വെറുതെ കേട്ടാൽ മതി. വെയിലിൽ കണ്ണു പുളിക്കുന്നു.

ഇതാ പോകുന്നു, ഒരു കാലി ഓട്ടോ. ഒന്നു കൈ കാണിക്കാമായിരുന്നു. അല്ല, അതിൽ ആരോ ഉണ്ടെന്നു തോന്നുന്നു - ഞാൻ സ്വയം സമാധാനിപ്പിച്ചു.

അതാ, മറ്റൊരു ഓട്ടോ വളവു തിരിഞ്ഞു വരുന്നു. എന്തു ചെയ്യണം?

പെട്ടെന്ന്, എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട്‌ നാരായണൻ കുട്ടി കൈ കൊട്ടി. ഓട്ടോ ഒടിഞ്ഞു തിരിഞ്ഞ്‌ ഞങ്ങൾക്കടുത്തു വന്നു നിന്നു. മുണ്ടു വീശിമടക്കിക്കുത്തി നാരായണൻകുട്ടി ഓട്ടോയിൽ കയറിയിരുന്നു. പിന്നെ, ശങ്കിച്ചു നിൽക്കുന്ന എന്നോടു പറഞ്ഞു, “കേറ്, പഹയാ!“

മുക്രയിട്ടു പായുന്ന ഓട്ടോറിക്ഷയ്ക്കുള്ളിൽ ഞാൻ കൂനിയിരുന്നു. ഏതൊക്കെയോ കുണ്ടനിടവഴികളിൽ നിന്നുള്ള പരിചയമുള്ള മണങ്ങൾ ഓട്ടോയിൽ നിറയുന്നു. പൊതികൾ മടിയിലൊതുക്കി ഞാൻ ഒന്നും കാണാതെ പുറത്തേക്കു നോക്കിയിരുന്നു. ഏവിടേക്കാണാവോ ഈ പോക്ക്! എവിടെയെങ്കിലുമാവട്ടെ. നാരായണൻകുട്ടി തീരുമാനിക്കുന്നു, ഞാൻ പോകുന്നു. ഇടയ്ക്കൊരു തണലിന്റെ തണുപ്പ്. മുഖത്തു കുളിർമയുള്ള കാറ്റടിച്ചു. എനിക്കെന്തോ വല്ലാത്ത സുഖം തോന്നി. ഞാൻ ഓട്ടോറിക്ഷയിലേക്കു മുഖം തിരിച്ചിരുന്നു. വത്സല മുഖം വീർപ്പിച്ചാൽ വീർപ്പികാട്ടെ. ഇന്നു നാരായണൻകുട്ടിയുടെ ദിവസമാണ്. എത്ര കാലമായി ഈ പഹയന്റെ വാലിലൊന്നു തൂങ്ങിയിട്ട്!

അപ്പോൾ എന്റെ ആലോചനയുടെ തുടർച്ച പോലെ നാരായണൻകുട്ടി: എത്ര ദിവസമായി ഗോവിന്ദാ... കരയ്ക്കിട്ട മീനിനെപ്പോലെ ചാടാണ്ടെ അവിടെ കുത്തിരിക്ക്!”

എനിക്കെന്തോ കിക്കിളിയാവുന്നതു പോലെ തോന്നി. എന്റെ കുണുങ്ങിച്ചിരിക്കു നേരെ നാരായണൻകുട്ടി മുഖം തിരിച്ചു. എന്നിട്ട് എന്റെ കാൽമുട്ടിൽ പിടിയമർത്തി. ആ നോട്ടത്തിലുമുണ്ട്, ചൂണ്ടക്കൊളുത്തു പിടയ്ക്കുന്ന ഒരു ചിരി. എന്തോ കോളുണ്ട്.

എന്തിനും റെഡി എന്ന പഴയ ചിരിയും ചിരിച്ച് ഞാൻ.

ഏതൊക്കെയോ വഴികളിലൂടെ ഞങ്ങൾ നീങ്ങിക്കൊണ്ടിരുന്നു. ഞാൻ ഒന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. പെട്ടെന്ന് ഓട്ടോ ചെറിയൊരു പോക്കറ്റ് റോഡിലേക്കു തിരിഞ്ഞു. ങേ, ഈ വഴി എനിക്കറിയാം. ദാ, അവിടെ ഒരു ഇടുങ്ങിയ ഇടവഴി. പത്തടി നടന്നാ‍ൽ ഒരു വാട്ടർ ടാപ്പ്. അവിടെ മതിലിന്റെ പൊട്ടലിലൂടെ കാലൊന്നു കവച്ചാൽ പിൻവാതിലിലേക്കു കയറാം.

നാരായണൻകുട്ടി എന്റെ കൈയും പിടിച്ച് നേരെ നടന്നു. എന്നിട്ട് പിൻവാതിലിൽ രണ്ടു തട്ട്. അകത്തൊരു വള കിലുങ്ങി.

പിടി മുറുക്കിയിട്ടാവണം, എന്റെ കൈയിലെ പൊതി അല്പമൊന്നു കീറി. രണ്ടു മണി ഉഴുന്നു പുറത്തു ചാടി.
ഞാൻ കിണറിന്റെ തൂണിനു പിന്നിലേക്കു പതുങ്ങി മാ‍റി.

വത്സല എന്നെ കാണണ്ട.

*****

9 comments:

Unknown said...

പഴയ ചായപീടിക നാരായൺ കുട്ടി പഴമ്പൊരി,ബിയറ് കൊള്ളാം മനസ്സിൽ ഇത്തിരി അസൂയ.

ചിതല്‍/chithal said...

"വത്സല എന്നെ കാണണ്ട."

അതായിരുന്നോ ആദ്യം നാരായണൻ‌കുട്ടിയെ കണ്ടപ്പോഴുണ്ടായ പരുങ്ങലിനു് കാരണം?

ആവാൻ വഴിയില്ല. എങ്കിൽ ദിവസം നാരായണൻ‌കുട്ടിക്കു് വേണ്ടി മാറ്റിവക്കില്ലായിരുന്നല്ലൊ.

“എവിടന്നോ പപ്പടം ചുട്ട മണം വരുന്നുണ്ടോ? ഏയ്‌, അടുത്തേതോ ഓടയിൽ നിന്നുള്ള നാറ്റമാവണം.“

നല്ല പ്രയോഗം!

ചിതല്‍/chithal said...

"വത്സല എന്നെ കാണണ്ട."
അതായിരുന്നോ ആദ്യം നാരായണൻ‌കുട്ടിയെ കണ്ടപ്പോഴുണ്ടായ പരുങ്ങലിനു് കാരണം?
ആവാൻ വഴിയില്ല. എങ്കിൽ ദിവസം നാരായണൻ‌കുട്ടിക്കു് വേണ്ടി മാറ്റിവക്കില്ലായിരുന്നല്ലൊ.
“എവിടന്നോ പപ്പടം ചുട്ട മണം വരുന്നുണ്ടോ? ഏയ്‌, അടുത്തേതോ ഓടയിൽ നിന്നുള്ള നാറ്റമാവണം.“
നല്ല പ്രയോഗം!

ചിതല്‍/chithal said...

"വത്സല എന്നെ കാണണ്ട."
അതായിരുന്നോ ആദ്യം നാരായണൻ‌കുട്ടിയെ കണ്ടപ്പോഴുണ്ടായ പരുങ്ങലിനു് കാരണം?
ആവാൻ വഴിയില്ല. എങ്കിൽ ദിവസം നാരായണൻ‌കുട്ടിക്കു് വേണ്ടി മാറ്റിവക്കില്ലായിരുന്നല്ലൊ.
“എവിടന്നോ പപ്പടം ചുട്ട മണം വരുന്നുണ്ടോ? ഏയ്‌, അടുത്തേതോ ഓടയിൽ നിന്നുള്ള നാറ്റമാവണം.“
നല്ല പ്രയോഗം!

cheryash said...

അദ്ഭുതം, ബേക്കറിക്കു മുകളിലെ പഴയ ചായപ്പീടിക ഈപ്പോഴുമുണ്ട്
is it still there ? Krishna maharaj?let us do it next time and a movie at Crown !
SM street opening into manachira sounds hungry/thirsty!
write more often ,mate.

Sankaran said...

അനൂപ്:
സന്ദർശനത്തിനു നന്ദി. അക്കാലത്തെ എന്നോട് (ഗോവിന്ദനോടല്ല) എനിക്കു തന്നെ അസൂയ തോന്നറുണ്ട.

ചിതൽ:
പാമ്പു വായ തുറന്നു കിടന്നാൽ പപ്പടം ചുട്ട മണം വരും എന്നാണ്. ഒരു മുഴുനീള നടത്തം കഴിയുമ്പോൾ മിഠായിത്തെരുവ് മാനാഞ്ചിറയിലേക്ക് നമ്മളെ കക്കിയിടുമായിരുന്നു. അപ്പോൾ കിഡ്സ്ൺ കോർണറിലെ അരമതിലിൽ ഇരുന്ന് ഇഷ്ടം പോലെ കിതച്ചു രസിക്കാം. (അവിടെ ഇപ്പോൾ മുന കൂർത്ത കുന്തങ്ങളാണ്).

Ram:
Knew you would come up with this comment!
To me Krishnamaharaj and its pazhamporis will always be there. Let's do it, boy!!

ചിതല്‍/chithal said...

കിഡ്സൺ കോർണറിൽ നിന്നു് ഫലൂഡ കഴിക്കുന്നതു് ഓർമ വന്നു. കഴിഞ്ഞ തവണ കോഴിക്കോട്ടു് പോയപ്പോഴും കൃഷ്ണമഹാരാജിൽ പോയിരുന്നു!! (പക്ഷെ അവിടെനിന്നു് ആ തവണ വാങ്ങിയ അലുവ മോശമായിരുന്നു)

A.V.G.Warrier said...

മോക്ഷത്തിന്റെ നാനാര്‍ത്ഥങ്ങള്‍ തിരയുന്ന ഗോവിന്ദന്‍മാര്‍ നാരായണന്കുട്ടിമാരെ മാറ്റിനിര്ത്തനമെന്നാണ് സാധാരണ പറയാറുള്ളത്. അല്ലെങ്കില്‍ അര്‍ത്ഥകല്പനകള്‍ തന്നെ മാറിപ്പോകും. അടുത്ത തവണ അയാളെ കാണുമ്പോള്‍ പേന അടച്ചു വെക്കുക.

രജിത്ത് രവി said...

ഒരു നാരങ്ങവെള്ളം കുടിച്ചാലോ എന്ന് തിരഞ്ഞ് ഇവിടെയത്തി

വായിച്ചു ഇഷ്ടായി....